വിശപ്പ്
ഇന്ന് ഉച്ച തിരിഞ്ഞു മംഗളൂരു നിന്ന് മാഹിക്ക് പോവാൻ വേണ്ടി 1.25ന്റെ ചെന്നൈ മെയിൽ സൂപ്പർഫാസ്റ്റിൽ കയറിയിരുന്നു, കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു സമയം ഏതാണ്ട് 1.15 ആയികാണും എൻറെ വലതുവശത്തെ ജനവാദിലൂടെ ഞാൻ കണ്ടകാഴ്ച:
ഒരു മധ്യവയസ്സുള്ള ഒരാൾ, ഇട്ടിരിക്കുന്ന പാന്റും ഷർട്ടും മുഷിഞ്ഞിരിക്കുന്നു, താടിയും മുടിയും വെട്ടാതെ വളർന്നിരിക്കുന്നു, മെലിഞ്ഞു വയറൊക്കെ ഒട്ടികിടക്കുന്നു. അയാളെ ആദ്യം ഞാൻ ശ്രദ്ധിച്ചില്ല, എൻറെ കണ്ണിൽകണ്ടില്ല. ഒരു പച്ചനിറത്തിൽഉള്ള ചവറ്റുകൊട്ടയിൽ കൈയിട്ടു തിരയുമ്പോൾ മുതലാണ് ഞാൻ അയാളെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അയാൾ ആ ചവറ്റുകൊട്ടയിൽ തിരഞ്ഞ് ഒന്നും കിട്ടിയില്ല നിരാശയോടെയും പ്രതീക്ഷയോടെയും അയാൾ അടുത്ത ഒരു ചുവന്ന ചവറ്റുകൊട്ടയിൽ കൈയിട്ടു തിരഞ്ഞു ഒന്നും തടഞ്ഞില്ല. അയാൾ അതിന്റെ അടപ്പു തുറന്നു നോക്കി, അയാൾ എന്താണോ ആഗ്രഹിച്ചു നോക്കിയത് അത് അയാൾക്കു അതിൽ നിന്നും ലഭിച്ചില്ല.
പിന്നീട് നേരെ അയാൾ പൈപ്പിൻറെ അടുത്തേക്ക്‌പോയി മുഖം കുറെ തവണ കഴുകി, കൈകൊണ്ട് പല്ലുതേച്ചു. വീണ്ടും മുഖംകഴുകി, ചുറ്റും നോക്കി ആരെയോ എന്തിനോ... പിന്നെയും മുഖംകഴുകി കൈവെച്ചുവെള്ളം കുടിച്ചു. അപ്പോഴേക്കും അവിടെ ക്ലീൻചെയ്യുന്ന ഒരുസ്ത്രീ വന്നു. അയാളെ വഴക്കു പറഞ്ഞു അയാൾ വാ തുറക്കാതെ അതുംകേട്ട്കൊണ്ട് കുറച്ചുഅപ്പുറം മാറി നിന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരുവെളുത്ത തൂവാല എടുത്ത് അയാൾ മുഖം തുടച്ചു. അയാൾക്ക് എവിടുന്നാ ഈ വെളുത്ത തൂവാലഎന്ന് ഒരുനിമിഷം ചിന്തിച്ചുപോയി.
അയാളുടെ തൊട്ടടുത്തുള്ള ഭക്ഷണശാലയുടെ മുന്നിൽ പോയിനിന്നു ഭക്ഷണത്തെയും ആ കടക്കാരെനെയും നോക്കി നിന്നു. ആ കടക്കാരൻ സൗമ്യമായി അയാളോട് മാറി നിൽക്കാനോ മറ്റോ പറഞ്ഞു. അയാൾ അല്പം മാറിനിന്നു. വീണ്ടും പൈപ്പ്ൻറെഅടുത്ത്പോയി വെള്ളംകുടിച്ചു വയറു നിറച്ചു.
വീണ്ടും ആ ഭക്ഷണശാലയുടെ അടുത് പോയിനിന്നു. സമയം കൃത്യം 1.22 ആരോ ഒരുയാത്രക്കാരൻ അയാൾക്ക് നേരെപോയി ഭക്ഷണം തരട്ടെ എന്ന് അയാളോട് ആംഗ്യഭാഷയിൽ ചോദിച്ചു പക്ഷെ അത്അയാൾ അത് കണ്ടില്ല. ആ യാത്രകാരൻ കടയിൽ നിന്നു ഒരു പൊതിച്ചോർനു കാശു കൊടുത്തു, കടക്കാരൻ ഭക്ഷണം എടുക്കുമ്പോഴേക്കും ട്രെയിൻ ഓടിതുടങ്ങി ആ പൊതിച്ചോർ ആർക്കുഉള്ളതാണെന്ന് ആ യാത്രക്കാരൻ കൈചുണ്ടി കാണിച്ചു പോയി.
ആ കടക്കാരനോട് അയാൾക്കു കൊടുക്കാൻ പറഞ്ഞ ഭക്ഷണം കൊടുക്കുന്നുണ്ടോ എന്ന് ഞാനും നോക്കി ഇരുന്നു. പറഞ്ഞപോലെ കടക്കാരൻ അയാൾക്കു അത് കൊടുത്തു. ആ മധ്യവയസ്കനായ അയാളുടെ മുഖം തെളിഞ്ഞു. എന്തെന്നറിയാത്ത സന്തോഷം അയാളുടെ മുഖത്തുകണ്ടു. രണ്ടുകൈകളോടെയും ആ പൊതിച്ചോർ പിടിച്ചു് അയാൾ ചുറ്റും നോക്കുനുണ്ടായിരുന്നു...
Adithya Bhaskar
23-05-2017
No comments