താഴ്‌വാരത്തിലേക്കുള്ള വഴി


കവിതകൾ വിരിയുന്ന താഴ്‌വാരം തേടി ഇറങ്ങിയ ഞാൻ വഴിമദ്ധ്യേ പീലി വിടർത്തിയ മയിലുകളുടെ നൃത്തചുവടുകളുടെ കാഴ്ചകൾ കണ്ടുനടന്നു.

അറിയാതെ അതെന്നെ വഴിതെറ്റിയ  ഉൾകാടിന്റെ വിജനതയിലേക്ക്‌ എത്തിച്ചു. 

എന്റെ പാതതിരഞ്ഞു ക്ഷീണിതനായ ഞാൻ കാട്ടരുവികളുടെ സംഗീതംകേട്ട്  അവിടേക്ക് ലക്ഷ്യംവച്ചുനടന്നു. 

കാടിന്റെ തിരുജടയിൽനിന്നും ജലധാരയായി ഒഴുകിവരുന്ന തീർത്ഥത്തെ പാനം ചെയ്യ്ത് ഞാൻ എന്റെ ദാഹം മാറ്റി.

ഒന്ന് വിശ്രമിക്കുവാനായി അവിടെ കുയിലുകൾ ചേക്കേറിയ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. 

കാട്ടരുവികളുടെ താളത്തിനൊത്ത്‌  ആ കുയിലുകൾ പാട്ടുപാടി. ആ പാട്ടുകേട്ട് ഞാനതിൽ ലയിച്ചുപോയി, അറിയാതെ നിദ്രയിലകപ്പെട്ടുപോയി. 

ഗാഢമായ നിദ്രയിൽ അവിടെ  വനദേവത പ്രത്യക്ഷപ്പെട്ടു. നിഷ്കളങ്കനായ എന്നിൽ കൃപതോന്നി മന്ദഹസിച്ചുകൊണ്ട് എന്നെ അരികിലേക്ക് വിളിച്ചു. 

പുതു ജീവൻ തുടിക്കുന്ന, വാകമരം പൂക്കുന്ന, പൂക്കൾ പുഞ്ചിരിയോടെ വിടന്നുനിൽക്കുന്ന, പഞ്ചമസ്വരത്തിൽ കോകിലങ്ങൾ പാട്ടുപാടുന്ന, പ്രകൃതി മഞ്ഞനിറമണിയുന്ന ചന്ദ്രമാസമായ വസന്തകാലത്തിന്റെ ആ  താഴ്‌വാരത്തിലേക്കുള്ള രഹസ്യ വഴികൾ എനിക്ക് ആ വനദേവത പറഞ്ഞുതന്ന് അപ്രത്യക്ഷമായി. 

ആനന്ദം കൊണ്ട് ആവേശ പുളകിതമായ ഞാൻ നിദ്രവിട്ടുണർന്നു! 

വീണ്ടും, 

മനസ്സിന് ആനന്ദമേകിയ ആ കാല്പനികമായ കാടിന്റെ സ്വപ്ന താഴ്‌വാരങ്ങളിലേക്ക് മടങ്ങിപോകുവാൻ അതിയായി ആഗ്രഹിച്ചുപോയി.

Adithya Bhaskar

07-07-2021



No comments